Tuesday, October 6, 2009




എന്റെ വെടിയുണ്ട
നിന്റെ നെഞ്ചകം
തകര്‍ത്തപ്പോഴാണ്‍
ആദ്യമായ് ഞാന്‍ നിന്നെ തൊട്ടത്.

നിന്റെ മരണം വിളംബരം
ചെയ്യപ്പെട്ടപ്പോഴാണ്‍
ആദ്യമായ് ഞാന്‍ കരഞ്ഞത്
(നീ മഹാബലിയല്ല


നബിയല്ല


കൃസ്തുവല്ല


മനുഷ്യനേ... )

അതെല്ലാ മറന്നേക്കൂ
എന്നാരോ ചെവിയില്‍
മൂളിയപ്പോഴാണ്
ഞാന്‍
നിന്നെ മറന്നത്.




ഓര്‍മ്മയുണ്ടോ ഈ മുഖം
എന്നു നീ
ഇനിയെന്നോട്
ചോദിക്കരുത്.



നിന്റെ എക്സറേ മുഖം
കറന്‍സിയില്‍ പതിപ്പിച്ച്
ഞാനിവിടെ മായമില്ലാതെ
ജീവിച്ചൊട്ടെ.

Monday, September 7, 2009







നിനക്ക് ഞാന്‍ തരുന്നത്
സ്നേഹത്തിന്റെ മഴക്കാലമാണ്.
ഓരോ തുള്ളിയിലും
എന്റെ പ്രാണന്‍.


മഴവില്ല് നീയാണ്.
നിന്റെ മുന്നില്‍
ആകാശമാ‍യി
കടലായി
ഞാന്‍
തിരയടിച്ചു വരുന്നു.

എന്റെ പാട്ട് നീ കേള്‍ക്കുന്നുണ്ടൊ ?
ഞാന്‍ പാടുന്നത്
നിനക്ക് വേണ്ടിയാണ്.
നിന്റെ മൌനത്തിന്റെ മര്‍മ്മരം
മഴയായി എന്നിലേക്ക്‌
പെയ്യുന്നുണ്ട്.
ഞാന്‍ നനയുന്നുണ്ട്
മറ്റൊരാകാശമായി.


Tuesday, August 25, 2009

കണ്‍പാര്‍പ്പ്


കണ്‍പാര്‍ത്തിരിക്കുന്നു ; കാഴ്ചകള്‍ക്കപ്പുറം
നീളുമീ നിഴലിന്റെ നിറവീഥിയില്‍
ആരോ വിരല്‍ത്തൊടും നേരങ്ങളില്‍
മധുരതരമായ് വന്നുവോ സ്മൃതി സന്ധ്യകള്‍..

Wednesday, August 19, 2009

പൂപ്പുഞ്ചിരിയുണ്ടോ ?


മഴക്കാലം പതിവുപോലെ വന്നത് പനിയുമായിട്ടായിരുന്നല്ലോ. മഴത്തണുപ്പ് മാറിയെങ്കിലും
പനിച്ചൂട് ഇനിയും മാറിയിട്ടില്ല. പനിക്കും,മഴയ്ക്കും,വെയില്‍ കണ്ണു കാട്ടിച്ചിരിക്കുന്ന
പകലുകള്‍ക്കുമിടയിലാണ് ഇത്തവണ ചിങ്ങമാസം വിരുന്നു വരുന്നത്. ചിങ്ങച്ചുണ്ടില്‍ പൂപ്പുഞ്ചിരിയുണ്ടോ ? പഴയ തുമ്പ, കീഴാര്‍നെല്ലി.കന്നിപ്പൂ. അരിപ്പൂ.... ഇങ്ങനെ എണ്ണിയാല്‍
നമ്മുടെ പൂപ്പുഞ്ചിരികള്‍..
കണ്ണിലും മനസ്സിലും വിരിഞ്ഞു നിറയുന്ന നിറച്ചാര്‍ത്തുകള്‍ക്കപ്പുറം വസന്ത കാലത്തിന്റെ സുഗന്ധപരാഗങ്ങളായി തീരുന്ന കുഞ്ഞു കുഞ്ഞു പൂവുകള്‍ ഇന്നെവിടെ പോയി. മഴക്കാലത്തിന്റെ
സ്നേഹസ്പര്‍ശത്തില്‍ പച്ചക്കതിരണിയുന്ന കേരളീയ പ്രകൃതി. പടത്തും പറമ്പിലും തളിരിടുന്ന ഗ്രാമീണ കന്യകകളായ നാട്ടു ചെടികളും കാട്ടു ചെടികളും. എത്രയോ തലമുറകളായി എത്രയോ കാലങ്ങളായി ആവര്‍ത്തിക്കുന്ന ഈ ഋതു വിലാസം നമ്മുടെ വസന്തവും ജീവിത ഭാഗധേയവുമായിരുന്നു.
പൂവിറക്കാന്‍ , പൂപ്പൊലി പാടാന്‍ പുത്തനുഷസ്സിന്റെ മഞ്ഞണിഞ്ഞ ആദ്യകിരണങ്ങള്‍ ഭൂമിയെ തഴുകും മുമ്പെ ഉണര്‍ന്നെണീക്കുന്ന ബാല്യത്തിന്റെ കുഞ്ഞു കാലുകള്‍.പൂക്കുടയേന്തി കാടും മേടും തൊട്ടുണര്‍ത്തുന്ന കൌതുകത്തിന്റെ തളിര്‍ വിരലുകള്‍. ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത അന്യമാകുന്ന കാഴ്ചകളായി, അനുഭവങ്ങളായി മാറുന്നു ഇവയൊക്കെയും. ഏറ്റവും സുന്ദരങ്ങളായ ഓര്‍മ്മയുടെ ഈ ഈടു വയ്പ്പുകള്‍ നമുക്ക് എവിടെയാണ് കൈമോശം വന്നു പോയത്.










Tuesday, August 18, 2009


ആകാശത്തിനു താഴെ
അനന്തമായ ഭൂമി.
കടല്
കാറ്റു വന്നു തൊടുന്ന
സ്വര്‍ഗ്ഗ സംഗീതം.
പച്ചത്തിരമാല.
മേലെ
നക്ഷത്ര മത്താപ്പൂ.
നിലാപ്പൂത്തിരി.
എന്റെ ദൈവമേ
എന്റെ ദൈവമേ
ഞാന്‍ എവിടെയാണ്
എവിടെയാണ് ?

Friday, August 7, 2009

ബോധി എന്ന ഈ ഞാന്‍

ബോധി എന്നാണ് എന്റെ പേര്.
പേരു പറഞ്ഞു കേള്‍ക്കുമ്പോള്‍ പലരും ഒന്നു ഞെട്ടും.
ഇതെന്തു പേരപ്പാ എന്ന ഭാവം.
അതിന്റെ അര്‍ഥമറിയുന്നവര്‍
നല്ല പേരു എന്നു പറയുകയും ചെയ്യും.
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും
എന്റെ പേരും എന്റെ സ്വഭാവവും തമ്മില്‍
ഒരു ബന്ധവും ഇല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.
അതുകൊണ്ടു കൂടിയാവാം
അവര്‍ എന്നെ സ്നേഹക്കൂടുതല്‍
തോന്നുമ്പോഴോക്കെ
ബോധമില്ലാത്തവളെ എന്നു വിളിക്കുന്നത്....

എന്നെപ്പറ്റി, എന്റെ തന്നെ ഒരാമുഖമാണിത്.
ആമുഖം മാത്രമല്ലല്ലോ ഞാന്‍;
എന്നെപ്പറ്റി ഒരു പാട് ഇനിയും
പറയാനുണ്ട്. അതു പിന്നെയാവാം അല്ലേ.... ?